
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വീണ്ടും പിന്തുണച്ച് നടി സീമ ജി. നായർ. ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ രാഹുൽ നിരപരാധിയാണെന്ന് സീമ ജി നായർ പറഞ്ഞു ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ നിയമസഭയിൽ എത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു താരം ഫേസ്ബുക്കിൽ പുതിയ കുറിപ്പ് പങ്കുവെച്ചത്. മുമ്പും നടി രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
'വരുമോ, വരില്ല, വരില്ലേ, വരാതിരിക്കില്ല, വരുമായിരിക്കും, വന്നു... ഇനി വരുന്നിടത്തു വെച്ചു കാണാം അല്ലേ? രാഹുലിന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ നിങ്ങൾ നിരപരാധി ആണ്. ഇപ്പോൾ നിലവിൽ ഒരു പാർട്ടിയിലും അംഗമല്ലാത്തതുകൊണ്ട്, പ്രാഥമിക അംഗത്വം പോലും ഇല്ലാത്തതുകൊണ്ട്, ആരെയും ധിക്കരിച്ചു എന്ന് പറയാനാകില്ല. സ്വതന്ത്രൻ ആയതുകൊണ്ട്, സ്വന്തമായി തീരുമാനമെടുക്കാം'- എന്നായിരുന്നു സീമ ഫെയ്സ്ബുക്കിൽ കുറിച്ചത്.
നേരത്തെ, രാഹുൽ മാങ്കൂട്ടത്തിനിലെതിരായ ചർച്ചകളും പ്രതിഷേധങ്ങളും കാണുമ്പോൾ തനിക്ക് ഓർമവരുന്നത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ തേജോവധമാണെന്ന് സീമ അഭിപ്രായപ്പെട്ടിരുന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്ന് നടി ചൂണ്ടിക്കാട്ടി. എവിടെയെങ്കിലും ഒരാൾക്കായി വഴി തെറ്റില്ല. തെറ്റുന്നുവെങ്കിൽ അതിൽ രണ്ട് പേരും തുല്യ പങ്കാളികളായിരിക്കും. അപ്പോൾ ഒരു പക്ഷത്തെ മാത്രം എങ്ങനെ കുറ്റം പറയുമെന്നും അന്ന് സീമ ചോദിച്ചിരുന്നു.











